ആലുവ: ഗുരുതര ആരോഗ്യപ്രശ്നങ്ങളാൽ ദുരിതമനുഭവിക്കുന്ന തെക്കേ വാഴക്കുളം കൈതപ്പാറ കറപ്പന്റെ മകൻ ബൈജുവിനും കുടുംബത്തിനും കുവൈറ്റ് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ സാമ്പത്തിക സഹായത്തോടെ നിർമിച്ച ഭവനത്തിന്റെ താക്കോൽദാനം നടന്നു. മാത്യൂസ് മാർ അന്തിമോസ് മെത്രാപ്പോലീ ത്ത താക്കോൽ കൈമാറി.
കഴിഞ്ഞ മൂന്നര വർഷമായി ഗുരുതര വൃക്കരോഗത്തെ തുടർന്ന് ആഴ്ചയിൽ മൂന്ന് ദിവസം ഡയാലിസിസ് ചെയ്യേണ്ടിവരുന്നയാളാണ് ബൈജു. രണ്ട് തവണ ഹൃദയാഘാതത്തെ അതിജീവിച്ച ബൈജു ബ്രെയിൻ ട്യൂമർ രോഗബാധിതനുമാണ്. ഭാര്യയും 17 വയസുള്ള മകളും 12 വയസുള്ള മകനുമടങ്ങുന്ന കുടുംബം ഏറെ ദുരിതപൂർണമായ സാഹചര്യത്തിലാണ് കഴിഞ്ഞിരുന്നത്. നിലവിൽ ചെറിയ ഷെഡിലായിരുന്നു കുടുംബത്തിന്റെ താമസം.
കുടുംബത്തിന്റെ ദുരവസ്ഥ പരിഗണിച്ച് കുവൈറ്റ് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി വീടിനായി സാമ്പത്തിക സഹായം അനുവദിക്കുകയായിരുന്നു. എന്നാൽ ഈ സ്ഥലത്തിന് വാഴക്കുളം സർവീസ് സഹ. ബാങ്കിലുണ്ടായിരുന്നനാല് ലക്ഷത്തോളം രൂപയുടെ ബാധ്യത തീർത്താൽ മാത്രമേ ഭവനനിർമാണം സാധ്യമാകുമായിരുന്നുള്ളൂ.
തുടർന്ന് സൗത്ത് വാഴക്കുളം സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി ഇടവകാംഗങ്ങളും ദീന മിത്ര ചാരിറ്റബിൾ സൊസൈറ്റിയും നാട്ടുകാരും ചേർന്ന് തുക സമാഹരിച്ച് കടബാധ്യത പൂർണമായും അടച്ചുതീർത്തു. ചടങ്ങിൽ വാഴക്കുളം പള്ളി വികാരി ഫാ. എൽദോസ് കറുത്തേടത്ത്, മുൻ വികാരി ഫാ. ഗ്രിഗർ കുര്യാക്കോസ്, ഫാ. എൽദോസ് വെള്ളിരിങ്ങൽ, ഡീക്കൻ സി.വി. എൽദോ, കുവൈറ്റിൽ നിന്നുള്ള പള്ളി പ്രതിനിധികൾ, വാർഡ് മെമ്പർ കെ.ആർ. കൃഷ്ണകുമാർ, ഇടവകാംഗങ്ങൾ എന്നിവരും നാട്ടുകാരും പങ്കെടുത്തു.